Introduction

ഒരു ജനത അനശ്വരമാക്കിയ മഹാ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലും അവാച്യമായ സൗന്ദര്യത്തോടെ അവര്‍ അതിനോട് കാണിക്കുന്ന പ്രണയവും പ്രതിബദ്ധ്തയുമാണ് സുമയുടെ ആധാരം. അതുകൊണ്ടുതന്നെ നമ്മളെ അറിയുന്നതിനും അറിയിക്കുന്നതിനും ഈ ബുള്ളറ്റിന്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടേതാണ് - ഇവിടെ നിങ്ങള്‍ക്ക് എന്തും കുറിക്കാം. കഥകളും കവിതകളും കുറിപ്പുകളും എല്ലാം. മലയാളി സമൂഹത്തെ അറിയിക്കാനുള്ള എലാ വാര്‍ത്തകളും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. പ്രിയപ്പെട്ടവരുടെ വേര്‍പാടും വിവാഹവും ഒക്കെ. സാരംഗി പറയട്ടെ, സാന്‍ അന്റോണിയോ മലയാളിയുടെ നല്ല വിശേഷങ്ങള്‍

Monday, October 29, 2012

കപിലന്റെ ഓര്‍മകള്‍


“വേതാളമോതിയതും വാല്‍മീകമായതും”
(കപിലന്‍റെ ഡയറിക്കുറിപ്പിലെ ഇതളുകള്‍)



വേതാളം നിറക്കൂട്ടുകളില്‍

സാഹിത്യത്തിന്റെ ശിഖിരങ്ങളിലും ഒരു പ്രവാസിയുടെ മേലങ്കിയിലും ബൃഹസ്തനായപ്പോള്‍ യഥാര്‍ത്ഥ വേതാളസഞ്ജ്ജീവനി തിരിച്ചറിയാന്‍ കപിലന്‍ ഒരല്പം താമസം നേരിട്ടു. ജന്‍മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതപാതയില്‍ വിഭിന്ന മതാനുഷ്ഠാനങ്ങള്‍ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്‍മം! നിശ്വാസവായുവിന്റെ വിരസതയിലും, ഏകാന്തതയുടെ മൌനത്തിലും ഈ പ്രയാണത്തില്‍ ഒറ്റപ്പെടുമ്പോള്‍ ഒരാശ്രിതനെ എന്നും സാന്ത്വനത്തിനായി വിളിക്കുമ്പോഴെല്ലാം അരികിലെത്താറുള്ളത് ഒരു തേജസ് മാത്രം. വേതാളം! അതേ കപിലന് മാത്രം കാണാന്‍ കഴിയുന്ന കപിലന്‍റെ വേതാളം!

വിളിക്കുമ്പോഴെല്ലാം കപിലന്‍റെ മനക്കണ്ണിലൂടെ ഉദിക്കുന്ന വേതാളം പുരാണങ്ങളിലെ വസിഷ്ഠമുനിയുടെ അവതാരഗണമല്ല. ആ വേതാളവാക്യം കേള്‍ക്കാന്‍ ഇന്ന് ശ്രീരാമനോ വിക്രമാദിത്യനോ ഇല്ല. വേതാളത്തിന് കപിലന്‍ മാത്രം കൂട്ട്. ഈ പ്രവാസിയുടെ തോള്‍സഞ്ചിയിലെ ഒരു പിടി “വാല്‍മീകമായി”, കപിലന്റെ  ഒരു വഴികാട്ടിയായി ആ വേതാളവും വേതാളവാല്‍മീകവും ശാശ്വതമായി അങ്ങിനെ വസിക്കുന്നു.

വേതാളം ആദ്യമായി കപിലനില്‍ ആവാഹിതനായ ദിവസം. അതേ വേതാളത്തിന്റെ പുനരവതാരം പ്രതീക്ഷിച്ചിരുന്നത് കൊണ്ടാണോ എന്നറിയില്ല അന്നത്തെ അസ്തമന സൂര്യന് പ്രഭാതസൂര്യന്റെ അതേ ശോഭയോടെയാണ്‍ പശ്ചിമകോണില്‍ സ്നാനത്തിനായ് തല കുനിച്ചത്. അമ്പലമുറ്റത്ത് കരിംകൂവള വര്‍ണ്ണത്താല്‍ ചിത്രകര്‍മ്മം നടത്തിയിട്ടാണ്‍ ശീവേലി കൊണ്ടത്. സന്ധ്യ മയങ്ങിയതോടെ കൂവളഗന്ധം വാനമാകെ പടര്‍ന്നു.  സൂര്യഹോമത്തിന്റെ അന്തിയില്‍ കൃശാണുക്കള്‍ മന്വന്തരങ്ങള്‍ പിന്നിട്ട ബ്രഹ്മകോടികളാല്‍ മിനഞ്ഞെടുത്ത ഒരു മേഘദൂതനായി മാറുകയാണെന്നു കപിലന്‍ കരുതിയില്ല. മാനമാകെ മേഘക്കൂട്ടങ്ങള്‍ കരിംഭൂതം കണക്കെ പടര്‍ന്ന് പന്തലിച്ചു. മിന്നല്‍പിണറുകള്‍ വെള്ളിവാളിന്റെ മൂര്‍ച്ചയറിയിച്ചു. നൈനിമിഷം പേമാരിയും ധാരമുറിയാതെ പാതാളഭൂമിയിലേക്ക് ഒഴുകുവാന്‍ തുടങ്ങി.

ഏകനായി സായാഹ്ന കവാത്തിനിറങ്ങിയ കപിലന് പേമാരിയില്‍ നിന്നും രക്ഷപ്പെടാന്‍ മുന്നില്‍ കണ്ടതു മുറ്റത്തുള്ള നെല്ലിമരച്ചുവടും വടക്കിനിക്കപ്പുറമുള്ള ഇടനാഴിയുമായിരുന്നു. നെല്ലി മരച്ചുവട്ടിലേക്ക് തന്നെ കാലടികള്‍ നീട്ടിച്ചവുട്ടി. മുകളിലേക്കു നോക്കിയപ്പോള്‍ ആകാശത്തില്‍ മിന്നിമറയുന്ന വെള്ളിവാളുകള്‍ ഇമവിടാതെ! കപിലന്‍ ഒന്നു പകച്ചു. ആ വെള്ളിവാളുകള്‍ക്കിടയിലൂടെ ആളിക്കത്തുന്ന ഒരു തീജ്വാല കപിലന് നേരെ ഊര്‍ന്നിറങ്ങി വരുന്ന ഒരനുഭവം. മുഖത്തെ കണ്ണാടച്ചില്ലുകളിലെ മഴത്തുള്ളികള്‍ കൈവിരല്‍ കൊണ്ടു തുടച്ചുമാറ്റി ഒരാവര്‍ത്തി കൂടി കപിലന്‍ മുകളിലേക്കു നോക്കി.  അപ്പോള്‍ കണ്ടത്
ചിറകടിച്ചു വരുന്ന ഒരു രൂപമായിരുന്നു.

മനസില്‍ കരുതി, “കൂടുവിട്ടിറങ്ങിയ വവ്വാലായിരിക്കാം”. പേമാരി കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണാഞ്ഞതിനാല്‍ കപിലന്‍ വടക്കിനി ലക്ഷ്യമാക്കി നടക്കാന്‍ ഭാവിച്ചു.

പെട്ടെന്നു നെല്ലിമരക്കൊമ്പില്‍ നിന്നും ഒരു ശബ്ദം, “അതേ ബ്രാഹ്മണകുമാരാ ഒന്നു നില്‍ക്കു!”

“എന്ത്, ഞാന്‍ നട്ടുവളര്‍ത്തി ഞാനെന്നും കാണാറുള്ള നെല്ലിമരം സംസാരിക്കുകയോ?. ഇല്ല വെറുതെ തോന്നിയതാവും”. കപിലന്‍ മനസില്‍ അങ്ങിനെ കരുതി കാലുകള്‍ മുന്നോട്ട് വെയ്ക്കാന്‍ ഒരു വൃഥാശ്രമം കൂടി നടത്തി.   

പിന്നേയും ആ സ്വരം. “എന്താ മനസ്സിലായില്ല എന്നുണ്ടോ?” കപിലന്‍ മുകളിലേക്കു വീണ്ടും  നോക്കി. മിന്നല്‍ പിണറുകള്‍ ദാനം ചെയ്ത നറുവെളിച്ചത്തില്‍ കപിലന്‍ വിശ്വസിക്കാനാവാത്ത ആ കാഴ്ച കണ്ടു അന്ധാളിച്ചു. അസ്ഥിസന്ധികളില്‍ നീറിപ്പുകച്ചില്‍. ആകെ അവശേഷിച്ച തന്റെ ഹൃദയത്തിന്റെ സ്പന്ദനം  നിലക്കാതെ തുടിപ്പിക്കാന്‍ മാത്രമേ കപിലന് കഴിഞ്ഞുള്ളൂ. അതാ നെല്ലിമരക്കൊമ്പില്‍ തലകീഴായി നിലകൊള്ളുന്നു ഒരു രൂപം! അത് കപിലനെ നോക്കി  പല്ലിളിക്കുന്നു! കപിലന്റെ അന്ധാളിപ്പ് കണ്ടിട്ടാവാം ആ രൂപം സംസാരിക്കുവാന്‍ തുടങ്ങി.

“ഞാന്‍ വേതാളം. കപിലനെന്ന് തൂലികാനാമമണിയുന്ന ബ്രാഹ്മണ കുമാരാ, നിന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി ലാവ കണക്കെ തിളച്ചുമറിയുന്നു എന്നു ഞാന്‍ അറിയുന്നു. നിനക്കായി പുനര്‍ജനിപ്പിച്ച ജ്ഞാനവസിഷ്ഠത്തിലെ വേതാളം. ”വിദ്ധ്യാ” പര്‍വ്വതത്തില്‍ നിന്നും പശ്ചിമത്തില്‍ വന്നെത്തി. കപിലാശ്രമമറിയാതെ ഉഴറിയ ഞാന്‍ പശ്ചിമത്തില്‍ സ്നാനത്തിനിറങ്ങിയ സൂര്യദേവനെ കാണാന്‍ ഇടയായി. വഴി ചോദിച്ചു. കുളികഴിഞ്ഞു കയറുകയായിരുന്ന വരുണദേവനെ സൂര്യദേവന്‍ എന്‍റെ വഴി കാട്ടിയായി എനിക്കൊപ്പം അയച്ചു. വരുണനില്‍ പ്രാപിച്ച ഞാന്‍ മിന്നല്‍പ്പിണറുകളെ വലംപിരി തളയാക്കി ഊര്‍ന്നിറങ്ങി. നിനക്കായി നിനക്കൊപ്പം വസിക്കുവാന്‍ എത്തിയിരിക്കുന്നു ഞാന്‍. നിന്‍റെ തോള്‍സഞ്ചിയില്‍ വേതാളത്തിനൊരിടം ഇനിയുള്ള കാലം അനിവാര്യം”.

“ഒരന്യനെ പൂര്‍ണ്ണമായി ആരെന്നു മനസ്സിലാക്കും മുന്പേ തോളിലേറ്റുകയോ?”. എന്തോ കപിലന് ഒരാശങ്ക. വേതാള പുരാണങ്ങള്‍ വായിച്ചറിഞ്ഞിരുന്നുവെങ്കിലും കപിലന്‍ സംശയ നിവാരണമെന്ന നിലയില്‍ വേതാളത്തോട് ചോദിച്ചു.

“ജ്ഞാനവസിഷ്ഠത്തിലെ മോക്ഷമാര്‍ഗ്ഗോപദേശിയായി വാണിരുന്ന വേതാളമേ, അമാനുഷികതയുടെ തന്മാത്രകളില്‍ ഒരു കണിക പോലും അധീനത്തിലില്ലാത്ത ഈ ജടബാധിതന്റെ തോളിലേറാന്‍ അവിടുന്നെന്തിന് പ്രേരിതനായി?”

വേതാളം മരക്കോമ്പില്‍ നിന്നും താഴെയിറങ്ങി. കൈയ്യിലുള്ള വെള്ളിക്കോല്‍ അരയില്‍ തിരുകി. എന്നിട്ട് കപിലനോട് ഇപ്രകാരമോതി.  

“യഥാര്‍ത്ഥ ജ്ഞാനികളും കാര്യകാരണശക്തിയുള്ളവരും ഈ ഭൂമിയില്‍ ഏറെ ഉണ്ടെങ്കിലും അവര്‍ക്കൊപ്പം അത്തരക്കാരാണെന്ന് സ്വയം അഭിനയിക്കുന്നവര്‍ ഒരു പിടി ഉണ്ടുതാനും. അജ്ഞാനം ഇരുട്ടെങ്കില്‍ ജ്ഞാനം വെളിച്ചമാണ്‍. എന്നാല്‍ ജ്ഞാനിയെന്ന് അഭിനയിക്കുന്നവനോ? അവര്‍ കണ്ണടച്ച് ഇരുട്ടിനെ വെളിച്ചമാക്കി എന്നു സ്വപ്നം കാണുന്നവരാണ്‍. അവര്‍ക്ക് ചുറ്റുമുള്ള ഇരുട്ടവര്‍ സമ്മതിക്കില്ല. അവരോടുള്ള ചോദ്യത്തിനുത്തരം അവര്‍ ഇരുട്ടില്‍ തപ്പി കൈയ്യില്‍ തടയുന്നതെന്തോ അതെടുത്ത് തരുന്ന പോലെയാണ്‍. അവര്‍ക്ക് തന്നെ അറിയില്ല അവര്‍ എന്താണ് മറ്റുള്ളവര്‍ക്ക് സമ്മാനിക്കുന്നതെന്ന്. കപിലകുമാരാ, ഇത്തരക്കാര്‍ നിന്‍റെ ഒരു വശത്ത്. മറുവശത്തോ? ഇന്നു കൊണ്ടെത്തിച്ച ഇന്നലെയുടെ വഴി മറന്നു അര്‍ദ്ധരാത്രിക്ക് കുട പിടിക്കുന്ന അഭിശപ്തരായ മറ്റൊരു കൂട്ടം. കപിലാ നീ കണ്ട ലോകം മാധുര്യത്തേക്കാള്‍ അംളരസം ചേരുവ ചേര്‍ന്നതാണ്‍.  നിത്യസഹായിയായ നിനക്കു വിശ്വസിക്കാനെ അറിയൂ. കുമാരാ, നീ ചെന്നു വീഴുന്ന കെണികള്‍ ജ്ഞാനവസിഷ്ഠത്തില്‍ കുടികൊള്ളുന്ന നിന്‍റെ പൂര്‍വ്വികരെ ജുഗുപ്സരാക്കുന്നു. ആഴിക്കും അഗ്നികുണ്ഡത്തിനും ഇടയില്‍ ഞെരിഞ്ഞരയുന്ന കുമാരനില്‍  കളങ്കമേന്യേ പ്രപഞ്ചസത്യങ്ങളുടെ വിത്തുകള്‍ പാകി മുളപ്പിക്കലാണ്‍ ഈ വേതാളത്തിന്റെ ആഗമനോദ്ദേശം. എന്നാല്‍ കുമാരന്റെ പൂര്‍വ്വികരുടെ ഒരു നിയമം എനിക്കും അനുസരിച്ചേ മതിയാവു. എന്നെങ്കിലും കുമാരന്റെ ചോദ്യത്തിന്‍റെ  മുന്പില്‍ ഈ വേതാളം ഉത്തരം മുട്ടിയാല്‍ അന്ന് ഈ വേതാളത്തിന് കുമാരനെ ത്യജിക്കേണ്ടി വരും”.   

കപിലന്‍റെ പ്രതികരണം കേള്‍ക്കാന്‍ മിനക്കെടാതെ വേതാളം കപിലന്റെ തോള്‍സഞ്ചിയില്‍ കയറി ഇരുപ്പായി. അല്‍ഭൂതമെന്നെ പറയേണ്ടു. വേതാളം ഉദ്ദിഷ്ടസ്ഥാനത്ത് പ്രതിഷ്ഠിത നായതോടെ പ്രകൃതി ശാന്തയായി. മാനത്തെ പ്രകോപിപ്പിച്ച തീപ്പൊരികളായ ഇടിമിന്നലുകള്‍ അപ്രത്യക്ഷമായി. കാര്‍മേഘങ്ങള്‍ വഴി മാറി. പകരം പൂത്തിരിയില്‍ നിന്നും ഉതിര്‍ന്ന കനല്‍ത്തരികള്‍ വാരി വിതറിയ മാതിരി മാനമാകെ നക്ഷത്രനിബിഡമായി.

കപിലന്‍ ആശ്രമത്തിന്റെ വാതില്‍ തള്ളിത്തുറന്നു അകത്തു കയറി. തോള്‍സഞ്ചി ഊരി തൂക്കുമുരലില്‍ തൂക്കാന്‍ തുനിഞ്ഞ കപിലനോടു വേതാളം വീണ്ടും വാചാലനായി.

“എന്താ കുമാരാ, വിടപറയാന്‍ ധൃതിയായോ? ചോദിക്കൂ. എന്താണ് കപിലകുമാരന്റെ ആദ്യചോദ്യം ഈ വേതാളത്തിനോടു?”    

തോര്‍ത്തുമെടുത്ത് കുളിക്കാന്‍ ഒരുമ്പെടുകയായിരുന്നു കപിലന്‍. വേതാളത്തിന്‍റെ സ്വരം കാതില്‍ പതിച്ചപ്പോള്‍ തോള്‍സഞ്ചിയിലേക്ക് നോക്കി. നനഞ്ഞ മുടി തോര്‍ത്തിക്കൊണ്ട് കപിലന്‍ വേതാളത്തിനോടു ഇപ്രകാരം പറഞ്ഞു. 

“വിടപറയുകയായിരുന്നില്ല എന്റെ വേതാളമേ. ക്ഷീണമെല്ലാം മാറ്റി ഉണര്‍വ്വോടെ സല്ലാപം നാളെയാകാമെന്ന് കരുതി. അതല്ലാ ഇന്ന് തന്നെ ഒരാരംഭം കുറിക്കണമെന്ന് വേതാളത്തിന് നിര്‍ബ്ബന്ധമാണെങ്കില്‍ ഇംഗിതം ഭംഗിക്കുന്നില്ല. ഇതാ എന്‍റെ ആദ്യത്തെ ചോദ്യം. മാതൃസ്നേഹം മതിവരും മുന്പ് മാതൃഭൂമി വിട്ടുപോന്ന ഒരു ഹതഭാഗ്യനാണ്‍ ഈ കപിലന്‍ എന്നു വേതാളം മനസ്സിലാക്കുന്നുണ്ടല്ലോ? അപക്വതയില്‍ സമ്പാദിച്ച പണപ്പെട്ടി തലയിണയാക്കി ശയിക്കുന്ന ഹുങ്കന്‍മാരുടെ നീര്‍ച്ചാലുകളിലാണ്‍ വന്നുപ്പെട്ടതെന്ന് മനസ്സില്‍ പുരണ്ട ചെളിയുടെ നിറം കണ്ടപ്പോഴാണ്‍ ബോധമുദിച്ചത്. ഇക്കൂട്ടരുടെ ഇടയില്‍ ഉദാരതയുടെ അര്‍ത്ഥം തേടി ഇന്നും ഞാന്‍ അലയുന്നു. എന്‍റെ വേതാളമേ, ഞാന്‍ കാണാന്‍ കൊതിക്കുന്ന ഉദാരത കാണാത്തത് എന്തുകൊണ്ടാണ്‍?”

വേതാളം അരയില്‍ തിരുകിയിരുന്ന വെള്ളിക്കോലെടുത്ത് നെറ്റിതടത്തില്‍ ഒന്നു ഉരസിക്കൊണ്ട് ഒന്നു മന്ദഹസിച്ചു എന്നിട്ടിങ്ങിനെ കപിലനോട് പറഞ്ഞു.

“ബ്രാഹ്മണകുമാരനായ കപിലാ, സമ്പാദ്യത്തിന്റെ ഭാരം കാഠിന്യമായി തോന്നാന്‍ തുടങ്ങുന്നത് നോട്ടുകെട്ടുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോഴല്ല മറിച്ച് പണക്കൊതി കൊണ്ട് എത്രമാത്രം മറ്റുള്ളവരെ വേദനിപ്പിക്കുന്നു എന്ന തുലനത്തിലാണ്‍. ദാനം ചെയ്യുന്ന കൈകള്‍ സാമ്പാദിക്കുകയാണെന്നത് അവര്‍ മറക്കുന്നു. തീര്‍ന്നില്ല. ദാനം ചെയ്യാന്‍ സ്നേഹസമ്പന്നനാവണ്ട. അവര്‍ക്ക് സ്നേഹം നടിക്കാനാവും. പക്ഷേ ദാനശീലര്ക്കെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കാന്‍ കഴിയു. കടം കൊടുക്കുന്നതു ദാനമല്ല. തനിക്കധികപ്പറ്റായത് അല്ലെങ്കില്‍ വേണ്ടാത്തത് മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതും ദാനമായി പൂര്‍വ്വികര്‍ കരുതുന്നില്ല. അത് എച്ചിലിന് തുല്യമായേ അവര്‍ കാണുന്നുള്ളൂ. ഒരു മനുഷ്യന്‍റെ ജീവിതവിജയം എന്നു പറയുന്നതു അവനുണ്ടാക്കുന്ന സമ്പത്തിന്‍റെ 10 ശതമാനം മാത്രമാണെങ്കില്‍, 90 ശതമാനം അവന്‍റെ സമ്പാദ്യം എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചുമാണ്‍. അതൊന്നുകൊണ്ടു തന്നെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്തു എന്താണെന്നോ? മറ്റൊന്നും അല്ല. അപേക്ഷിതര്‍ക്കും അര്‍ഹിക്കുന്നവര്‍ക്കും സന്തോഷമായി നല്‍കുന്ന ഉപഹാരം തന്നെ. അത് ധനമാകാം അല്ലെങ്കില്‍ മറ്റെന്തെകിലും വിധത്തില്‍ ഉപയോഗപ്രദമായതും ആവാം”.

കപിലന്‍ മനസില്‍ പറഞ്ഞു, “ എന്‍റെ വേതാളം തരക്കേടില്ലല്ലോ? അന്തരാര്‍ത്ഥം വളരെ ആഴമേറിയത് തന്നെ. എന്നാല്‍ ഒന്നു കൂടി പരീക്ഷിക്കാം. ഈ കപിലന് സല്ലാപരസം വീണ്ടും വന്നു ചേര്‍ന്ന പോലെ തോന്നുന്നു” വേതാളത്തിന്റെ സ്വരഗാംഭീര്യം നിലച്ചപ്പോഴുണ്ടായ നിശബ്ദത കപിലനില്‍ കൂടുതല്‍ ജ്ഞാനദാഹം ഉണര്‍ത്തി. വേതാളത്തിനോടു വീണ്ടും കപിലന്‍ ചോദിച്ചു,

“ജ്ഞാനപൂര്‍ണ്ണനായ വേതാളമേ ഉരുളക്കുപ്പേരി കണക്കെ നല്‍കുന്ന  മറുപടികള്‍ ഈ കാതുകളില്‍ വാമൊഴിയായ് പതിക്കുമ്പോള്‍ കൂടുതല്‍ അറിയാന്‍ ഒരു മോഹം. ഒരു ചോദ്യം കൂടി. വാഗ്ധോരണിയിലൂടെ നാവിന്റെ നീളം പ്രകടിപ്പിക്കുവാന്‍ വേണ്ടി ജീവിക്കുന്നവര്‍ ഏറെയുള്ള ലോകമാണല്ലോ ഇത്. എന്നാല്‍ വാചാലത ഹൃദയവിശാലതയുടെ സ്പടികമായി പലപ്പോഴും തോന്നിയിട്ടില്ല, കപിലന്‍ നേരിട്ടറിഞ്ഞ ഹൃദയ വിശാലതയുള്ളവരില്‍ മിക്കവരും മറുപടികള്‍ സത്യശുദ്ധമായ നറുവാക്കുകളില്‍ ഒതുക്കുന്നവരായിരുന്നു. ഹൃദയവിശാലതയും വാചാലതയും ഒരുവനില്‍ ഒരു ബഹുമാനസൂചകമോ അതോ വൈരുദ്ധ്യമോ?

വേതാളം മറുപടിക്ക് ഒട്ടും മടിച്ചില്ല. തോള്‍സഞ്ചിയുടെ വക്കത്തു നിന്നും കപിലന്‍റെ  തോളില്‍ കയറി ഇരുന്നു. എന്നിട്ട് കപിലന്‍റെ കാതില്‍ ഇങ്ങിനെ ഓതി.

“ഹൃദയവിശാലത ആത്മാവിന്റെ നിസ്വാര്‍ത്ഥഭാവവും നാവിന്‍റെ നീളം ആത്മനിയത്രണത്തിന്റെ ഇരട്ടത്താപ്പുമാകുന്നു. നാം മനസ് വെച്ചാല്‍ ഹൃദയവിശാലത വളര്‍ന്ന് കൊണ്ടേ ഇരിക്കും.എന്നാല്‍ നാവിന്‍റെ നീളത്തിനും വലിപ്പത്തിനും പരിമിതികള്‍ ഉണ്ട്. മൂനിഞ്ച് നീളമുള്ള ഒരു നാവിന്‍റെ ഉടമയ്ക്ക് ആറടി നീളമുള്ള ഒരാളെ മരണത്തിലേക്ക് പറഞ്ഞയക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പതിന്‍മടങ്ങു ഹൃദയവിശാലതയുള്ള ഒരുവന് മാത്രമേ മരണത്തിനൊരുങ്ങുന്ന ഒരാളെ മരണത്തില്‍ നിന്നും രക്ഷിക്കാനാവു. ഇത് പ്രപഞ്ചസത്യം. ബ്രാഹ്മണപുത്രാ വേദങ്ങളും, പുരാണങ്ങളും മനസ്സിലാക്കിയ നീ സൃഷ്ടികര്‍ത്താവിന്റെ ഉന്മൂലനമന്ത്രം ധരിക്കാന്‍ മറന്നുവോ? ഈശ്വരന്‍ മനുഷ്യര്‍ക്ക് രണ്ടു കാതുകളും, രണ്ടു കണ്ണുകളും, രണ്ടു കൈകളും, രണ്ടു കാലുകളും നല്കിയപ്പോള്‍ ഒരു നാവുമാത്രം നല്കി. അതിന്റെ കാതല്‍ പലരും മനസ്സിലാക്കാന്‍ മറന്നു. ഇരുകാതുകള്‍ കൊണ്ട് ഏറെ കേള്‍ക്കാനും, ഇരു കണ്ണുകള്‍ കൊണ്ട് ഏറെ കണ്ടു മനസ്സിലാക്കാനും, ഇരു കൈകള്‍ കൊണ്ട് ഏറെ സഹായവും ദാനവും ചെയ്യുവാനും, ഇരു പാദങ്ങള്‍ കൊണ്ട് ഏറെ ഭാരം ചുമക്കുവാനും സൃഷ്ടികര്‍ത്താവ് അഭിലഷിച്ചു, നമ്മെ സൃഷ്ടിച്ചു. ഒരേ ഒരു നാവിന്‍റെ തന്നെ മൂര്‍ച്ച എത്രത്തോളം ഹാനികരമായിരിക്കും എന്നു സൃഷ്ടാവ് മുന്‍കൂട്ടി മനസ്സിലാക്കിയത് കൊണ്ടാവാം മിതമായി സംസാരിക്കുവാനും ഒരേ നാവ്കൊണ്ട് സത്യവും അസത്യവും ഉരുവിടാതിരിക്കുവാനും വേണ്ടിയാണ്‍ ഒരു നാവ് മാത്രം നല്കിയത്. ഹൃദയവിശാലതയുള്ള സല്‍സ്വഭാവികളുടെ നാവിനെ അവന്റെ വിശാലമായ ഹൃദയം നിയന്ത്രിക്കുന്നു. പക്ഷേ പാപികളായ കുബുദ്ധികളുടെ വക്രഹൃദയത്തെ അവന്റെ നീളം കൂടിയ നാവ് നിയന്ത്രിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ജ്ഞാനിയുടെ നാവ് അവന്റെ  ഹൃദയത്തിലും പാപികളുടെ ഹൃദയം അവന്റെ നാവിലും കുടികൊള്ളുന്നു. മറ്റൊന്നുകൂടി മനസ്സിലാക്കുക. ഈശ്വരന്‍ മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ എല്ലാവര്ക്കും നല്കിയ മറ്റൊന്നു കൂടിയുണ്ട്. ഉള്‍കണ്ണുകള്‍! ഹൃദയവിശാലത പക്വതയാര്‍ജ്ജിച്ചാലെ ഉള്‍ക്കണ്ണുകള്‍ തുറക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ചിലര്‍ മുന്‍കൂട്ടി കാണുന്ന പലതും മറ്റുള്ളവര്‍ കാണുന്നില്ല മനസ്സിലാക്കുന്നില്ല.”

വേതാളം പറഞ്ഞു നിര്‍ത്തി. കപിലന്‍ വേതാളത്തിന്റെ മുഖത്തേക്ക് ആശ്ചര്യത്തോടെ നോക്കി. വേതാളത്തിന്റെ മുഖത്ത് യാത്രാക്ഷീണം നന്നായി പ്രകടമായിരുന്നു. സമയം ഏറെ
ആവുകയും ചെയ്തു. വേതാളത്തെ അന്ന് അത്രയും പരീക്ഷിച്ചാല്‍ മതി എന്നു കപിലന് തോന്നി. വേതാളത്തെ തന്റെ തോളില്‍ നിന്നും എടുത്തു തോള്‍സഞ്ചിയില്‍ വെച്ചു എന്നിട്ട് നമിച്ചു.

കപിലന്‍ സ്വയം പറഞ്ഞു, “ വേതാളം എനിക്കൊരു പുതുജീവന്‍ നല്കി. ഇല്ല ഞാന്‍ എന്റെ വേതാളത്തെ തോല്‍പ്പിക്കില്ല. ഞാന്‍ എന്റെ വേതാളത്തെ ഉത്തരം മുട്ടിക്കില്ല. എന്റെ മാര്‍ഗ്ഗ ദര്‍ശിയായി ഞാനെന്‍റെ വേതാളത്തെ എന്‍റെ ജീവിതാന്ത്യംവരെ  ചുമക്കും. ഞാന്‍ വേതാളത്തെ എന്‍റെ തോളിലേറ്റും”.

അന്ന് തുടങ്ങിയ ആ പ്രയാണം, ഇന്നും തുടരുന്നു. കപിലന്‍റേയും കപിലന്‍റെ തോളിലെ വേതാളത്തിന്റേയും.

-കപിലന്‍-

No comments:

Post a Comment

Your comment will be posted shortly.