Introduction

ഒരു ജനത അനശ്വരമാക്കിയ മഹാ സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലും അവാച്യമായ സൗന്ദര്യത്തോടെ അവര്‍ അതിനോട് കാണിക്കുന്ന പ്രണയവും പ്രതിബദ്ധ്തയുമാണ് സുമയുടെ ആധാരം. അതുകൊണ്ടുതന്നെ നമ്മളെ അറിയുന്നതിനും അറിയിക്കുന്നതിനും ഈ ബുള്ളറ്റിന്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടേതാണ് - ഇവിടെ നിങ്ങള്‍ക്ക് എന്തും കുറിക്കാം. കഥകളും കവിതകളും കുറിപ്പുകളും എല്ലാം. മലയാളി സമൂഹത്തെ അറിയിക്കാനുള്ള എലാ വാര്‍ത്തകളും ഇതില്‍ പോസ്റ്റ്‌ ചെയ്യാം. പ്രിയപ്പെട്ടവരുടെ വേര്‍പാടും വിവാഹവും ഒക്കെ. സാരംഗി പറയട്ടെ, സാന്‍ അന്റോണിയോ മലയാളിയുടെ നല്ല വിശേഷങ്ങള്‍

Thursday, May 23, 2013

അവള്‍ വളരുകയാണ്.... By കപിലന്‍

അവള്‍ വളരുകയാണ്.....

കടുകിനുള്ളില്‍ കടലുണ്ടാക്കാന്‍ കൊതിച്ചു നാടുവിട്ട കൈവിരലില്‍ എണ്ണാന്‍ മാത്രമുള്ള  സന്മനസ്സുള്ളവര്‍ വസിച്ചിരുന്ന ഒരു നഗരം. അവിടെയാണ് ഈ കഥയുടെ തുടക്കം. വലുപ്പച്ചെറുപ്പങ്ങളില്ലാതെ മതഭേതങ്ങളില്ലാതെ ആത്മാവും ശരീരവും ഒന്നായിക്കണ്ട് എന്തിനും ഒന്നായി നിന്നിരുന്ന ഒരു പ്രവാസിതീരം. അവരില്‍ ഒരു മോഹമുദിച്ചു. അവര്‍ക്ക് വംശജയായി ഒരു ഓമനപുത്രിയെ വേണം. അതിനായി അവര്‍ തപസ്സനുഷ്ടിച്ചു. മതഭേതമില്ലാത്ത ഈശ്വരന്‍ അവരില്‍ പ്രത്യക്ഷപ്പെട്ടു. അവരനുഷ്ഠിച്ച ഇന്നലെയുടെ സല്‍കര്‍മ്മഫലസിദ്ധിയായി അവര്‍ക്ക് വരമരുളി. അങ്ങിനെ ആ പ്രവാസിദേശത്തു ഒരു കുടക്കീഴില്‍ കഴിഞ്ഞിരുന്ന പ്രവാസികള്‍ക്ക് അവരുടേതെന്ന് അഭിമാനിക്കാന്‍ ഒരു ദൈഹ്യമായി ഒരു ഓമനപുത്രി സ്വയംഭൂവായി പിറന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവരുടെ ഇന്നലെയുടെ സ്വപ്നസാക്ഷാത്കാരമായി പ്രകൃതി അവളെ അവര്‍ക്ക് സമ്മാനിച്ചു. ആ നല്ല സമൂഹം വെച്ചും, വിളമ്പിയും, വിഴുപ്പലക്കിയും, അവര്‍ക്ക് പിറന്ന പ്രാണനെ ഒരു ത്യാഗിയായി,  വശംവദയായി, വിധേയയായി, വിനീതയായി ഓമനിച്ചു വളര്‍ത്തി.

ഒരു സമൂഹത്തിന്റെ പ്രതീകമായി ജനിച്ചു വളര്‍ന്ന അവളെ ഒരു വ്യക്തിയെന്നതിലുപരി ഒരു  സമാജമായി അവര്‍ കണ്ടു. സമൂഹധനമായ അവളെ പരിപാലിക്കാന്‍ വളര്‍ത്തച്ഛന്‍മാര്‍ പങ്ക് ചേര്‍ന്ന് അരങ്ങത്ത് വരുവാന്‍ തുടങ്ങി.  അവര്‍ അവള്‍ക്കൊരു പേരുമിട്ടു. അവളുടെ പേര്  ഇതിവൃത്തത്തിന് ശേഷം അറിയാം. അവളുടെ വളര്‍ച്ചക്കൊപ്പം ആ സമൂഹവും വളര്‍ന്ന്  വലുതാകുവാന്‍ തുടങ്ങി. അവളുടെ അമ്മുമ്മമാരും മുത്തച്ഛന്‍മാരും അവളെ മടിയിലിരുത്തി മൂളിപ്പാട്ട് പാടി.
നിന്നെ കണ്ടിടുമ്പോള്‍ ഞങ്ങളോര്‍ത്തിടുന്നു
എത്രനാള്‍ നിനക്കായ് ഞങ്ങള്‍ കാത്തിരുന്നു
എത്രനാളിക്കുഞ്ഞിക്കാല്‍ കാണാന്‍ കൊതിച്ചിരുന്നു
ഒടുവില്‍ നീ വന്നണഞ്ഞു ഞങ്ങള്‍ക്കാരോമലായ്

അവള്‍ വേദങ്ങളും, പുരാണങ്ങളും, ബൈബിളും ഖുറാനും പഠിച്ചു പണ്ഡിതയായി. ശാലീനയായ അവള്‍ കൌമാരം പിന്നിട്ടു. അവളുടെ ശാലീനത, സൌന്ദര്യം, വിശാലമനസ്കത, പാണ്ഡിത്യം ഈ സത്ഗുണങ്ങളെല്ലാം വളര്‍ന്ന് പന്തലിക്കുന്ന സമൂഹത്തെ മത്തു പിടിപ്പിച്ചു എന്നു തോന്നുന്നു. അവളുടെ വളര്‍ച്ചയുടേയും വിജയത്തിന്റേയും അധികാരികള്‍ തങ്ങളാണെന്ന് വിധിയെഴുതി കാണാന്‍ വേണ്ടി സമൂഹത്തില്‍ മല്‍സരമാരംഭിച്ചു. ചരിത്രം കുറിക്കപ്പെടാന്‍ അധീശവര്‍ഗ്ഗത്തിന്റെ കൊടിക്കൂറയുമായി ആസ്ഥാന ചരിത്രകാരന്മാരായി ചേരി തിരിഞ്ഞു വേട്ടക്കിറങ്ങി. ഒരുമിച്ച് നട്ടുവളര്‍ത്തിയ ജാതിമരങ്ങളില്‍ ഒരെണ്ണം പൂവിടാന്‍ അല്പം താമസിച്ചപ്പോള്‍ അവരതിനെ വെട്ടിമാറ്റാന്‍ തുനിഞ്ഞു. എന്നാല്‍ അവരൊന്നു മറന്നു. പൂത്തുലഞ്ഞ ജാതിമരത്തിന്റെ പരാഗണ സഹായി തൊട്ടടുത്തു വളരുന്ന  സ്വജാതിമരമായിരിക്കാമെന്നുള്ള സാദ്ധ്യത. തന്‍റെ വളര്‍ത്തച്ഛന്‍മാരില്‍ പലരുടേയും ഓര്‍മ്മയിലില്ലാത്ത മറ്റൊരു മുഖം കണ്ടിട്ടാവാം സഹിക്കവയ്യാതെ അവള്‍ വാവിട്ടു കരഞ്ഞു. അവള്‍ക്ക് സാന്ത്വനം തേടാന്‍ മറ്റൊരിടമുണ്ടോ? ഇതെല്ലാം വിട്ടെറിഞ്ഞു “ഈശ്വരന്റെ സ്വന്തം നാടെന്ന് “ അറിയപ്പെടുന്ന സസ്യശ്യാമള കോമള കേരളം പോലും ഇന്ന്  അവളെ നോക്കി കോമരമാടി പല്ലിളിക്കുകയാണ്. ശേഷിച്ച കാടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വീതം  വെയ്ക്കുന്നു, മണലൂറ്റി 44 നദികളും അന്തിശ്വാസം വലിക്കുന്ന  അവസ്ഥയില്‍, പ്രകൃതി തുളുമ്പിയിരുന്ന വയലുകള്‍ നിറയെ ഫ്ളാറ്റുകള്‍, സ്ത്രീ എന്ന ശ്രീത്വത്തില്‍ രതിനിര്‍വേദം കാണുന്ന വര്‍ഗ്ഗങ്ങള്‍. ചൂടില്‍ കത്തി എറിയുന്ന ആ വികൃതകേരളം അവള്‍ക്കെങ്ങിനെ ഒരു സ്വപ്നഭൂമിയാവും? അവള്‍ നൃത്തമാടിയിരുന്ന പുല്‍ത്തകിടിയിലെ കളകളെ മാറ്റുരച്ചറിയാന്‍ കഴിയാതെ അവള്‍ പകച്ചു നിന്നു.

അവളെ ജനിപ്പിച്ച ഈശ്വരന് അവളുടെ നിസ്സഹായതയിലും കണ്ണീരിലും ദയ തോന്നിയിരിക്കാം. അവളുടെ താതന്‍ അവളുടെ ശാന്തിക്കായി സന്ദേശവാഹിനിയായി ഒരു ദൂതികയെ ഈ പ്രവാസിദേശത്തേക്കയച്ചു. അവളെ ഈ ദേശത്തെ പിതൃക്കളായ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല. ഒരിക്കല്‍ ഈ പ്രാണന്‍ നമുക്കൊരു കിലുക്കാം പെട്ടിയായിരുന്നു. കൊഞ്ചിയും കുഴഞ്ഞും ആടിയും പാടിയും നമ്മെ ചിരിപ്പിച്ചിരുന്ന ഒരു കാക്കോത്തിപ്പെണ്ണ്. ഓര്‍മ്മയുണ്ടോ ആ മുഖം? ശ്രീക്കുട്ടി.

ശ്രീക്കുട്ടി കപിലാശ്രമത്തിന്റെ അരികത്തുള്ള ആല്‍മരച്ചുവട്ടിലേക്ക് “അവളെ” വിളിച്ചു കൊണ്ട് പോയി. ആല്‍ത്തറയില്‍ തന്റെ അരികത്തിരുത്തി അവളുടെ കാര്‍കൂന്തല്‍ തലോടിക്കൊണ്ട് പണ്ടത്തെ അതേ കിന്നാര രസത്തില്‍  കിന്നരിക്കാന്‍ തുടങ്ങി.

“ന്ടെ പേര് ശ്രീക്കുട്ടീന്നാ. നാളിശ്ശ്യായി ഇങ്ങടൊക്കെ വന്നിട്ട്. കുട്ടി നീ ഇക്കുറി ഒരു ആഘോഷവേള ഈ ദേശക്കാര്‍ക്കായി ഒരുക്കീരുന്നില്ലേ അമ്പലത്തിലെ ആഡിറ്റോറിയത്തില്  വെച്ചു? അത് കാണാന്‍ തീര്‍ച്ചയായിട്ടും വരണോംന്നു കപിലാചാര്യന്‍ പറഞ്ഞപ്പോ പറ്റില്യാന്നു പറയാന്‍ തോന്നീല്ല്യ. ഞാനും ഇണ്ടാര്‍ന്ന് കപിലാചാര്യന്റെ തൊട്ടടുത്ത് അന്നത്തെ പരിപാടി കാണാന്‍. അന്നവിടെ പലരും നിന്റെ ഭാവിയെ കുറിച്ചു പ്രസംഗിക്കണത് കേട്ടു. ത്രയൊക്കെ കേട്ടിട്ടും കുട്ടീടെ കണ്ണീര് കണ്ടപ്പോ ഒന്നു നേരില്‍ കണ്ടു ഇത്തിരി മിണ്ടാണ്ട് പോവാന്‍ മനസ്സ് തോന്നീല്ല്യ. അതാ കുട്ട്യേ കൊണ്ട് ഇങ്ങട് വന്നത്. ഈ ശ്രീക്കൂട്ടീടെ എല്ലാമെല്ലാമായ കപിലാചാര്യന്‍ നിക്ക് പണ്ട്  പറഞ്ഞു തന്നിട്ട്ള്ള ഒരു മുത്തശ്ശിക്കഥ കുട്ടിക്ക് പറഞ്ഞു തരാം ന്നു കരുതി. അത് കേട്ടു കഴീമ്പോ അറിയും എന്താ ചെയ്യേണ്ടേന്ന്.  കുട്ടി വെഷമിക്കണ്ട. ഒക്കേറ്റിനും ഒരു പോംവഴി ണ്ടാക്കാം”. 

ശ്രീക്കുട്ടി അവളുടെ മുത്തശ്ശിക്കഥ പറയാന്‍ ഒരുങ്ങി. കഥ കേള്‍ക്കാനുള്ള  “അവളുടെ” ജിജ്ഞാസ മുഖത്ത് പ്രകടമായതിനാലാവാം ശ്രീക്കുട്ടി കിന്നരരസം മാറ്റി കപിലന്റെ ഭാഷയില്‍ കഥയാരംഭിച്ചു.  

കുട്ടിയെ പോലുള്ള ഒരു മാണിക്യമുത്ത് ഒരിക്കല്‍ സ്വര്‍ഗ്ഗലോകത്ത് നിന്നും ദേവിമാരുടെ കൈതെറ്റി  ഈ ഭൂമിയില്‍ വീഴാന്‍ ഇടയായി. ആ മാണിക്യത്തിന് പലവിധ ഗുണങ്ങളും ഉണ്ടായിരുന്നു. ഇതറിഞ്ഞ ദേവന്മാര്‍ കുപിതരും അതോടൊപ്പം വിഷണ്ണരുമായി. നീചരായ അസുരര്‍ ആ മാണിക്യം കൈപ്പറ്റുന്നതിന് മുന്പായി ഭൂമിയില്‍ തിരഞ്ഞു കണ്ടു പിടിക്കാന്‍ ദേവന്‍മാര്‍  നിശ്ചയിച്ചു. അതിനായി ഇന്ദ്രനെ അവര്‍ നിയോഗിച്ചു. ഇന്ദ്രന്‍ ഭൂമിയില്‍ വരുന്ന കാര്യവും  കാരണവും അസുരര്‍ മണത്തറിഞ്ഞു. ഇന്ദ്രന്‍ ഭൂമിയില്‍ വന്ന സമയം അസുരര്‍ കാര്‍മേഘം കൊണ്ട് സൂര്യനെ മൂടി ഭൂമിയെ ഇരുട്ടിലാക്കി. ഇതറിഞ്ഞ ദേവന്മാര്‍ ഇന്ദ്രനോട് അന്തിമയങ്ങും വരെ കാത്തിരിക്കാനും ചന്ദ്രനുദിക്കുമ്പോള്‍ അന്വേഷണം തുടരാനും ആഹ്വാനം ചെയ്തു. എന്നാല്‍ ചന്ദ്രനുദിച്ചപ്പോള്‍ അസുരര്‍ വീണ്ടും കാര്‍മേഘം കൊണ്ട് ചന്ദ്രനെ ആവരണം ചെയ്തു കൂരിരുട്ടാക്കി. ഇത് കണ്ട ദേവന്‍മാര്‍ നക്ഷത്ര വിഹായസിന് പ്രകാശമേറ്റി ഇന്ദ്രന് പ്രകാശം പകര്‍ന്നു. എന്നാല്‍ അസുരര്‍ വിട്ടു കൊടുത്തില്ല. അവര്‍ ഭൂമിയെ തന്നെ കാര്‍മേഘം കൊണ്ട് പൊതിഞ്ഞു ഇരുട്ടാക്കി ഇന്ദ്രനെ ആ കൂരിരുട്ടില്‍ തളച്ചു. ഭൂമിയെ കാര്‍മേഘം കൊണ്ട് പൊതിഞ്ഞ അവസ്ഥയില്‍ ഭൂമിയില്‍ എന്തു നടക്കുന്നു എന്നു ദേവന്‍മാര്‍ക്കോ അസുരര്‍ക്കോ കാണാന്‍ കഴിയുമായിരുന്നില്ല എന്നു പറയേണ്ടതില്ലല്ലോ. ഇതിനപ്പുറം മറ്റൊന്നും ചെയ്യേണ്ടത്തില്ലെന്ന് നിശ്ചയിച്ചു അസുരര്‍ വിരമിച്ചു. ഇനി എന്തു ചെയ്യും എന്നോര്‍ത്തു ദേവന്മാരും കുഴങ്ങി. ഈ സമയമാണ് അതിശയപരമായി ഒരു സംഭവം ഉണ്ടായത്. കാര്‍മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടു അന്ധകാരത്തില്‍ ആഴ്ന്ന ഭൂമിയില്‍  ഉണരുവാന്‍ ഒരു കൂട്ടര്‍ ഉണ്ടായി! ആരാണെന്നോ മിന്നാമിനുങ്ങുകള്‍! മിന്നാമിനുങ്ങുകളുടെ നറുങ്ങുവെട്ടം ഭൂമിയിലെല്ലാം പടര്‍ന്നു. എന്നാല്‍ കാര്‍മേഘത്താല്‍ ഭൂമി ആവരണം ചെയ്യപ്പെട്ടിരുന്നതിനാല്‍ അസുരര്‍ ഇതറിഞ്ഞില്ല.

മിന്നാമിനുങ്ങുകള്‍ ഇന്ദ്രനോട് പറഞ്ഞു, “ ദേവേന്ദ്ര, ഞങ്ങളുണ്ട് കൂട്ടിന്. മാണിക്യം തിരയാന്‍ ഞങ്ങള്‍ വെളിച്ചം പകരാം. ഞങ്ങളുടെ ഈ നറു വെളിച്ചം സൂര്യനോളം  പ്രകാശമില്ലാത്തതായിരിക്കാം. ചന്ദ്രനോളം വെണ്‍മയില്ലായിരിക്കാം, നക്ഷത്രങ്ങളോളം ചഞ്ചലമായി ജ്വലിക്കുന്നതല്ലായിരിക്കാം. എന്നാല്‍ ഞങ്ങളെ അസുരര്‍ക്ക് കാണാന്‍ കഴിയില്ല. ഞങ്ങളെ ആശ്രിതരായി വിശ്വസിക്കാം. അണ്ണാറക്കണ്ണനും തന്നാലായത് എന്നും ഐക്യമത്യം മഹാബലം എന്നുമല്ലെ ചൊല്ലുകള്‍? അങ്ങിനെ മിന്നാമിനുങ്ങുകളുടെ സഹായത്താല്‍ ഇന്ദ്രന്‍ മാണിക്യം വീണ്ടെടുത്ത് ദേവലോകത്തേക്ക് മടങ്ങി. അന്നത്തെ പോലെ  ഇന്നും നാളേയും ആ മിന്നാമിനുങ്ങുകള്‍ ഇവിടെ നമുക്കൊപ്പം ഉണ്ടാവും അന്ധകാരത്തില്‍ ആ നറുവെട്ടം നല്കാന്‍. നാം നടക്കുന്ന വഴിയില്‍ നമുക്ക് ചുറ്റും പാറിപ്പറക്കാന്‍.  

ശ്രീക്കുട്ടി കഥ നിര്‍ത്തി അരികത്തുള്ള അവളുടെ മുഖം പിടിച്ചുയര്‍ത്തി ആ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു, “ കുട്ടിക്ക് മനസ്സിലായോ കഥയുടെ പൊരുള്‍? നിനക്കുള്ള ഉത്തരം ഈ കഥയില്‍ ഉണ്ട്.

അവളെന്തൊ മറുപടിക്ക് അമാന്തിച്ചു. അവളെ കൂടുതല്‍ വിഷമിപ്പിക്കാതെ ശ്രീക്കുട്ടി തന്നെ മറുപടി നല്കി. ദേവന്മാരായ നല്ലവരും അസുരരായ നീചരും, ഇത്തിള്‍ കണ്ണികളും എല്ലായിടത്തും ഉണ്ടാവും. രണ്ടാം തരക്കാര്‍ “സമൂഹ”ത്തെ “സമൂക”മാക്കാന്‍ ശ്രമിച്ചെന്നിരിക്കും. എന്നാല്‍ വിശാലഹൃദയരായ വിനീതരായ സഹായപ്രേമികളും അവര്‍ക്കിടയില്‍ അനേകമുണ്ട്. അവരെ തിരിച്ചറിയുകയാണ് നീ ചെയ്യേണ്ടത്. നീയൊരുക്കിയ ഇക്കഴിഞ്ഞ ആഘോഷവേളയില്‍ നീ കണ്ടില്ലേ എത്രയെത്ര ഉര്ജ്ജ്വസ്വലരാണ്, ചെറുപ്രായക്കാരാണ്, വിശാലഹൃദയരാണ് നിന്റെ കൈകള്‍ പിടിച്ച് മുന്നോട്ട് കൊണ്ട് പോകാനും നിന്നെ കൂടുതല്‍ മോടി പിടിപ്പിക്കാനും തയ്യാറായി വന്നത്, അതിനായി പ്രതിജ്ഞ എടുത്തതെന്ന്? അവരായിരിക്കും നിന്റെ തുണ. അവരായിരിക്കും നിന്റെ ജീവനാഡി. ഏറെ വിലയേറിയ അഭിപ്രായങ്ങള്‍ പലരില്‍ നിന്നും നീ കേട്ടില്ലേ? അവരൊരുക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന മേലങ്കികള്‍ നിനക്കണിയണ്ടേ, ആസ്വദിക്കണ്ടേ? നിന്റെ ഭാഷ തലമുറകള്‍ക്കനുസൃതമായി ശുദ്ധമലയാളത്തില്‍ നിന്നും ഒരല്പം വ്യതിചലിച്ചാലും അത് ആത്മാവിന്റെ ഭാഷയായിരിക്കട്ടെ. നിന്നില്‍ കൂട്ടായ്മയും, സൌഹൃദവും സമത്വവും, അഭ്യര്‍ഹണവും നിറഞ്ഞു തുളുമ്പട്ടെ.

അവളുടെ കണ്ണുകള്‍ നിറഞ്ഞു സന്തോഷാശ്രുക്കള്‍ കൊണ്ട്. അവളുടെ മനസ്സ് കുളിര്‍ത്തു  പുതുജീവന്‍റെ തുടിപ്പ് കൊണ്ട്. അവള്‍ ശ്രീക്കുട്ടിയെ മാറോടണച്ചു. വളര്‍ത്തച്ഛന്‍മാരെ മനസ്സില്‍ ധ്യാനിച്ചു. മൌനഭാഷയില്‍  അവള്‍ അവര്‍ക്ക് നന്ദി പറഞ്ഞു. ശ്രീക്കുട്ടി വിട പറയും സമയം ഒരു വരപ്രസാദമായി അവളുടെ നെറ്റിയില്‍ ഒരു സിന്ദൂരക്കുറി അണിയിച്ചു.

“അവള്‍ ആരാണെന്നല്ലേ? ഇനി പറയാം അവള്‍ ആരെന്നു. നമുക്കൊപ്പമുണ്ട് അവള്‍.  നമുക്കെല്ലാം അവള്‍ സുപരിചിതയുമാണ്. നമ്മള്‍ നമുക്കായി ജനിപ്പിച്ച നമ്മുടെ പ്രതീകമായ സുമ.  അതേ നമ്മുടെ സ്വന്തം സുമ. നമുക്കൊപ്പം വളരുന്ന സുമ. അതേ “അവള്‍ വളരുകയാണ്.....” അവള്‍ കല്‍പ്പാന്തകാലത്തോളം വളരട്ടെ! വളര്‍ന്ന് പുഷ്പിതയാവട്ടെ.  പെരുന്തച്ചന്‍മാര്‍ തുടങ്ങിവെച്ച കര്‍ത്തവ്യം മന്വന്തരത്തിന്റെ പ്രതീകമായി തീരട്ടെ.  

-കപിലന്‍-




No comments:

Post a Comment

Your comment will be posted shortly.