മാണിസാറും മോഡിയും പിന്നെ ചില വികസന ചിന്തകളും!
സിറിയക് സകറിയ
അമേരിക്കന്‍ മണ്ണില്‍ കാലുകുത്താന്‍ കഴിഞ്ഞ 9 വര്‍ഷങ്ങളായി വിലക്കുള്ള എന്നാല്‍ അമേരിക്കക്കാരനെ പോലെ വികസനചിന്തകളുള്ള നരേന്ദ്ര മോഡിയും, പാലായും പേട്ടയും, വത്തിക്കാനും, ഇംഗ്ലണ്ടുമൊക്കെ ഒരു മൈതാനം പോലെ കണ്ട് പ്രവര്‍ത്തിക്കുന്ന അദ്ധ്വാന വര്‍ഗ്ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ മാണിസാറും ഒന്നു തുലനം ചെയ്യപ്പെടുകയാണിവിടെ! വലിയ വിദ്യാഭ്യാസയോഗ്യതകളും കുലമഹിമയും വീമ്പുപറയാനില്ലാത്ത 'മോഡി' പ്രവാസികളായ ഗുജറാത്തികളില് നിന്നും വിവര സാങ്കേതിക മാധ്യമങ്ങളിലൂടെയും കേട്ടും കണ്ടും പഠിച്ച കാര്യങ്ങള് നിശ്ചയ ദാര്‍ഢ്യത്തോടെ നടപ്പിലാക്കി എന്നതാണ് അദ്ദേഹത്തെ ചോരക്കറയുടെ കളങ്കമുണ്ടെങ്കില് പോലും ഇന്ത്യന് കോര്‍പ്പറേറ്റുകളുടെയും, മധ്യവര്‍ഗ്ഗത്തിന്റെയും തമ്മില് ഭേദം തൊമ്മനാക്കുന്നത്. ഇസ്രായേലില് പരീക്ഷിച്ച ജലസംരക്ഷണ ജലസേചന പദ്ധതികളും അമേരിക്കയിലെ മുതലാളിത്ത വ്യവസായ നയങ്ങളും ജൂത ജനതയുടെ കൂട്ടായ്മയും കെട്ടുറുപ്പും പ്രായോഗിക മാര്‍ഗ്ഗമായപ്പോള് മറ്റേതു ഇന്ത്യന് സമൂഹത്തെക്കാളും വികസിക്കാന് അത് ഗുജറാത്തികളെ പ്രപ്തമാക്കി. വികസനത്തിന്റെ ഒരു പങ്ക് മധ്യവര്‍ഗ്ഗത്തിനും സാധാരണ ജനതയ്ക്കും ലഭ്യമാക്കുക വഴി തുടര്‍ച്ചയായി തിരഞ്ഞെടുപ്പുകളില് വിജയിക്കുവാന് മോഡിയെ സഹായിച്ചു എന്നു പറയേണ്ടതില്ലല്ലോ. ആ ചിന്തയാണ് ശബരിമലയെക്കുറിച്ചും കേരളവികസനത്തെക്കുറിച്ചും വോട്ടിനു വേണ്ടിയാണേല് പോലും കൊച്ചിയില് മോഡി പങ്കു വച്ചത്. മാണിസാറിന്റെ അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തത്തില് പറയുന്നതു പോലെ മുതലാളിവര്‍ഗ്ഗത്തിന്റെയും തൊഴിലാളിവര്‍ഗ്ഗത്തിന്റെയും ഇടയില് കഴിയുന്ന ഒരു പ്രത്യേക വിഭാഗമാണ് അദ്ധ്വാനവര്‍ഗ്ഗം. ഉത്പാദന ഉപകരണങ്ങളും ഉപാധികളും സ്വന്തമായി കൈവശമുള്ളവര്. പൊതുവെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാതെ സ്വയം ജോലിചെയ്തുകൊണ്ട് തങ്ങളുടെ അധ്വാനശക്തി വിയര്‍പ്പിലൂടെ മൂലധനമാക്കുന്ന ഒരു വിഭാഗമാണവര്. ചിലപ്പോള് അവരുടെ കീഴില് വേതനം പറ്റുന്ന ഏതാനും തൊഴിലാളികള് ഉണ്ടായികൂടെന്നില്ല. സാങ്കേതിക വിദഗ്ധരും തൊഴില് വിദഗ്ധരും അധ്യാപകരും, ഏതാനും ഉദാഹരണങ്ങളാണ്. വാസ്തവത്തില് സമൂഹത്തെ ചൂഷണം ചെയ്യാതെ പ്രയത്‌നിച്ചു ജീവിക്കുന്ന ഈ അധ്വാന വിഭാഗത്തിന്റെ ശക്തിക്ക് മാര്‍ക്‌സിയന് സിദ്ധാന്തവാദികളോ കുത്തക മുതലാളിത്തമോ വിലകല്പിക്കുന്നില്ല. ഇന്ത്യയുടെ പ്രത്യേക സാഹചര്യം കണക്കിലെടുക്കുമ്പോള് ആവശ്യമായിട്ടുള്ളത് തൊഴിലാളികളും അധ്വാനവര്‍ഗ്ഗത്തില്‍പ്പെടുന്ന കൃഷിക്കാരുമുള്‍പ്പെടെ മറ്റെല്ലാ വിഭാഗങ്ങള് തമ്മിലുള്ള യോജിപ്പാണ്. അല്ലാതെ സംഘടനമല്ല. ഇവര് തമ്മിലുള്ള വര്‍ഗ്ഗസമരമല്ല വര്‍ഗ്ഗസമന്വയമാണഅ വേണ്ടത്.” മാണിസാറിന്റെ മേല്‍പറഞ്ഞ സിദ്ധാന്തശകലങ്ങളും മോഡിയുടെ സിദ്ധാന്തങ്ങളും തമ്മില് വൈരുദ്ധ്യങ്ങള് ധാരാളമുണ്ടെങ്കിലും പൊരുത്തങ്ങളും നമുക്ക് കാണാനാകും. മുതലാളിത്തത്തിലൂന്നിയ മതവര്‍ഗീയ മേധാവിത്വം മോഡി വിഭാവനം ചെയ്യുമ്പോള് വര്‍ഗ്ഗ വര്‍ണ്ണ സമന്വയത്തിലൂടെ തങ്ങളുടെ ശക്തിനിലനിര്‍ത്താമെന്ന് അവര് കണക്കുകൂട്ടുന്നു. വെള്ളാപ്പള്ളയുടെയും കെപിഎംഎസ് ന്റെ യും കരസ്പര്‍ശ്വത്തിലൂടെ ആ വര്‍ഗ്ഗസമന്വയമാണ് വിഭാവനം ചെയ്യുന്നത്. മാണിസാറാകട്ടെ ജാതിമത സീമകള്‍ക്കപ്പുറത്ത് നിന്നുകൊണ്ട് ഒരു സാര്‍വ്വലോക പ്രീതിക്കായാണ് സിദ്ധാന്തവുമായി ഇംഗ്ലണ്ടിലേക്ക് വരെ പറന്നത്. എന്തിനു പറയുന്നു മോഡിയുടെ സിദ്ധാന്തം ജയിക്കുമ്പോള് മാണിസാറിന്റെ സിദ്ധാന്തം അതിന് പറ്റിയ പരീക്ഷണശാലയായ പശ്ചിമഘട്ടത്തില് പോലും പ്രായോഗികമാകുന്നില്ല. ക്രിസ്ത്യന് ഹിന്ദു സഹോദരങ്ങള് ഏകദേശം തുല്യശതമാനത്തിലും മുസ്ലീംസമുദായം പ്രബലവുമായിട്ടുള്ള പശ്ചിമഘട്ടപ്രദേശങ്ങളില് ഒരു ജനകീയ പ്രശ്‌നമായി കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ ഫലപ്രദമായി അവതരിപ്പിക്കാന് അധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന് കഴിയാത്തത് ഒരു പക്ഷെ സ്വാര്‍ത്ഥനായ ഒരു പിതാവിന്റെ രാഷ്ട്രീയ സാഹചര്യങ്ങള് കൊണ്ടാവാം. അതുകൊണ്ടാണ് ആര്.എസ്.എസ്. എന്ന സംഘടന 'മോഡി എന്ന ഒറ്റയാനെ' വളര്‍ത്തിയെടുത്തതും എന്തിനും പോന്നവനാക്കിയതും. നഷ്ടപ്പെടാനൊന്നുമില്ലാത്ത 'മോഡിയും" മകന്റെ രാഷ്ട്രീയഭാവി 'കണ്ണിലെ കൃഷ്ണമണിപോലെ' കാണുന്ന മാണിസാറും തമ്മില് പ്രായോഗികതലത്തില് അന്തരങ്ങളേറെ. അല്ലെങ്കില് ഉമ്മന്‍ചാണ്ടി സര്‍ക്കാര് ഉണ്ടാവുമായിരുന്നില്ല. പി.സി.ജോര്‍ജ്ജിന് കരിങ്കല് ക്വാറികളുടെ കരുത്തുള്ള നാമമുണ്ടാവുമായിരുന്നില്ല. അദ്ധ്വാനവര്‍ഗ്ഗസിദ്ധാന്തത്തിന്റെ ആദ്യ ആപ്ലിക്കേഷനായി പശ്ചിമഘട്ടം മാറുമായിരുന്നു. Unesco Heritage site ലുള്ള - “Great Smoky Mountain National Park” ഓ ,അല്ലെങ്കില് Swiss Alps Jungfrau- Aletsch പോലെയോ ഇടുക്കി മാറ്റപ്പെട്ടേനെ. ശബരിമലയെ ഒരു അന്താരാഷ്ട്ര കേന്ദ്രമാക്കാന് ഒറ്റ സന്ദര്‍ശനം കൊണ്ടു വാഗ്ദാനം ചെയ്ത മോഡിയോ, അതോ കടലാസിലൊതുങ്ങുന്ന സിദ്ധാന്തം എഴുതിയ മാണി സാറോ ജനങ്ങള്‍ക്ക് ഉപകാരി? അത് തെളിയിക്കേണ്ടത് മാണിസാറിന്റെ മുമ്പോട്ടുള്ള നയങ്ങളാണ്. കസ്തൂരിരംഗന് റിപ്പോര്‍ട്ട് മരവിപ്പിക്കാന് ഇന്ന് വജ്രായുധം ഉള്ള ഒരേ ഒരു നേതാവ് മാണിസാറാണ്. അദ്ദേഹം ഉണര്‍ന്നാല് ഒരു ജനത രക്ഷപ്പെടും ഒരു സമൂഹവും. എന്താണ് ചെയ്യേണ്ടതെന്നാണ് ചോദ്യമെങ്കില് താഴെ പറയുന്നതേതുമാവാം. Plan A കസ്തൂരിരംഗന് നിയമവിജ്ഞാപനം സുധീരമായ നിലപാടുകളിലൂടെ ഏതാനും ദിവസങ്ങള്‍ക്കുള്ളില് പിന്‍വലിക്കുക, അല്ലെങ്കില് സര്‍ക്കാരില് നിന്നിറങ്ങിപ്പോരുക. Plan B heritage site ലെ അംഗത്വം വേണ്ടെന്ന് വയ്ക്കാനുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുക.(ഉദാഹരണം: world heritage site declassified in Germany i.e. Dresden Elbe valley ) (- world heritage site status sവേണ്ടെന്ന് വച്ചാല് കസ്തൂരിരംഗന്, ഗാഡ്ഗില് റിപ്പോര്‍ട്ട് അപ്രസക്തമാവും. നഷ്ടം മുമ്പോട്ട് ഫണ്ട് പ്രതീക്ഷിക്കുന്ന പഠന ഏജന്‍സികള്‍ക്ക് മാത്രം! Plan C Sustainable Ecological infrastructure development എന്ന തത്വത്തില് ഊന്നിക്കൊണ്ട് - Environmental protection ഉം ജനകീയ വികസനവും ഉറപ്പാക്കുന്ന പുത്തന് പഠനപദ്ധതികള് കമ്മീഷന് ചെയ്ത് പൊതുസ്വീകാര്യതയോടെ നടപ്പിലാക്കുക. പുത്തന് തലമുറക്കുവേണ്ടത് വെള്ളയടിച്ച കുഴിമാടങ്ങളെയോ കപട സിദ്ധാന്തവാദികളെയോ അല്ല മറിച്ച് പ്രായോഗികതയുടെയും ഉത്തരവാദിത്വത്തിന്റെയും ആള്‍രൂപങ്ങളായ വികാസ പരുഷന്മാരെയാണ്. കേള്‍ക്കാന് ചെവിയുള്ളവന് കേള്‍ക്കട്ടെ.