ഈ ബ്ലോഗ് മുഴുവൻ കഥകളും കവിതകളും കൊണ്ട് നിറയട്ടെ എന്നു ‘പ്രഥമൻ’ ആഗ്രഹിയ്ക്കുന്നു. (കുടിക്കുന്ന പ്രഥമൻ അല്ലെന്റെ മലയാളികളേ, നമ്മുടെ സാക്ഷാൽ പ്രസിഡന്റ് അദ്ദ്യം.) പക്ഷെ, അങ്ങനെ ഒരു ക്രൂരത! അതു വേണോ? കഴിഞ്ഞ യോഗത്തിനു നല്ല ആഹാരം കിട്ടിയതാണേ.
ഞാൻ ഒരു വമ്പിച്ച കലാകാരിയോ എഴുത്തുകാരിയോ അല്ലെന്നു മുൻകൂർ ജാമ്യം. വാക്കിനും വാക്കിനും ഇടയിൽ കാതങ്ങളുടെ അകലം വരുന്ന വിധം എന്റെ എഴുത്തഭ്യാസം നിന്നു പോവാറുണ്ട്. അത് ഒന്നല്ല രണ്ടല്ല നൂറു തവണ. എനിയ്ക്കു തന്നെ പിടിയ്ക്കാത്ത അലസമായൊരു സമാധി.
എന്നെ തിരയുന്ന ഞാൻ - അതു നമ്മളെല്ലാവരും ആണ്. എന്നെ ഞാനായി തന്നെ അറിയാൻ, അറിയിക്കാൻ, എന്റെ സമരങ്ങൾ; എന്നെ നീയായി മാറ്റാൻ നിന്റെ പ്രയത്നങ്ങൾ. ഈ പോരാട്ടത്തിനെ ജീവിതം എന്നു വ്യാഖ്യാനിയ്ക്കുന്ന സമൂഹമാവട്ടെ, ഇവ രണ്ടും മാത്രം ചേർന്നുണ്ടായതാണ്. ഈ നീ - ഞാൻ പോരാട്ടത്തിനെയാണ് ഞാൻ ചികയുന്നത്. ഞാൻ കുറിയ്ക്കുന്ന ഓരോ വാക്കും വരിയും നമ്മളെത്തന്നെ ഉദ്ദേശിച്ചാവും എന്നു പാഠഭേദം. ശരിയായി പറയേണ്ടതിനെല്ലാം മുമ്പേ 'എല്ലാം ആകസ്മികം' എന്നു ജാമ്യക്കുറിപ്പെഴുതാൻ എനിയ്ക്കറപ്പാണ്. എന്നെ വായിക്കുന്നത്, പറയുന്നതെന്തും അപ്പാടെ വിഴുങ്ങുന്ന മണ്ടന്മാരാവില്ലെന്നും വിശ്വാസമുണ്ട്. (പുരുഷപ്രജകളേ, പ്രകോപിയ്ക്കണ്ട, മണ്ടൻ എന്നു ഞാൻ മണ്ടിയെയും വിളിയ്ക്കാറുണ്ട്.)
തുടരാനാണ് തുടങ്ങുന്നത്. എങ്കിലും, വീരസ്യത്തിന്റെ കാറ്റടങ്ങുമ്പോൾ എന്റെ എഴുത്തുവഞ്ചി മുങ്ങുക പതിവാണ്. ഇനിയുള്ള വേളകളിൽ അതു നിങ്ങളുടെ തീരത്തേയ്ക്കും അടുക്കട്ടെ. കണ്ടുകിട്ടുന്ന അക്ഷരങ്ങൾ നിങ്ങളേയും എഴുതിയ്ക്കട്ടെ ... ഏളുപ്പത്തിൽ പറയട്ടെ? അങ്ങനെ ബാക്കിയുള്ളവരെഴുതുന്നതു വായിക്കാൻ മാത്രമിരിക്കാതെ സ്വന്തമായും നാലഞ്ചു വാക്കെഴുതൂ മാഷേ..... നമ്മുടെ ബ്ലോഗ് അങ്ങനെ നിറഞ്ഞു തുളുമ്പട്ടെ. നന്നായെഴുതുന്നവർക്ക് പ്രസിഡന്റ് സ്വർണനാണയം സമ്മാനം കൊടുക്കുന്നുണ്ടത്രെ.